Kerala
തിരുവനന്തപുരം: യുഡിഎഫിലും കോണ്ഗ്രസ് പാർട്ടിക്കുള്ളിലും കഴിഞ്ഞ നാലു മാസമായി പുകയുന്ന അസ്വസ്ഥതയാണ് യുഡിഎഫ് കണ്വീനർ അടൂർ പ്രകാശിന്റെ തുറന്നു പറച്ചിലിലൂടെ ഇന്നലെ പൊട്ടിത്തെറിയിൽ കലാശിച്ചത്.
സർക്കാരിൽ പാർട്ടിക്കും മുന്നണിക്കും റോളില്ലെന്ന് ഏറെ നാളായി കോണ്ഗ്രസ് നേതാക്കൾ രഹസ്യമായി പറഞ്ഞു നടന്നതാണ് യുഡിഎഫ് കണ്വീനർ അടൂർ പ്രകാശ് തന്നെ പത്രസമ്മേളനം വിളിച്ചു വെടിപൊട്ടിച്ചതോടെ പരസ്യമായത്.
പാർട്ടിയിലും മുന്നണിയിലും ഒരു ചർച്ചയും നടക്കുന്നില്ലെന്നും മുഖ്യമന്ത്രി സ്വന്തം ഇഷ് ടപ്രകാരം എല്ലാം നടത്തുകയാണെന്നുമായിരുന്നു അടൂർ പ്രകാശിന്റെ തുറന്നു പറച്ചിൽ. അടൂർ പ്രകാശിന്റെ തുറന്നു പറച്ചിലിനു പിന്നാലെ നേതാക്കൾ പക്ഷം പിടിച്ചു രംഗത്ത് എത്തിയതോടെ കൂടുതൽ പൊട്ടിത്തെറിയിലേക്ക് നീങ്ങാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.
കഴിഞ്ഞ ദിവസം സാംസ്കാരിക സ്ഥാപന അധ്യക്ഷൻമാർ അടക്കമുള്ളവരെ പ്രഖ്യാപിച്ചപ്പോൾ തന്നെ കോണ്ഗ്രസ് ഉന്നത തലത്തിൽ ഏറെ അസ്വസ്ഥത രൂപപ്പെട്ടിരുന്നു. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനും ഇതിൽ ചില പേരുകളോടു വിയോജിപ്പുണ്ടായിരുന്നു. ഇതാണ് വിയോജിപ്പുകൾ പാർട്ടി യോഗത്തിൽ ചർച്ച ചെയ്യുമെന്നും പാർട്ടിയിൽ പറയേണ്ട കാര്യങ്ങൾ പുറത്തു പറയില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞത്.
ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിൽ മുസ്ലിം ലീഗിന്റെ ആറാം കാബിനറ്റ് പദവി കൂടി പുറത്തു വന്നതോടെയാണ് ഇതു പൊട്ടിത്തെറിയിലേക്ക് നീങ്ങിയത്. എല്ലാ വിഭാഗത്തേയും തൃപ്തിപ്പെടുത്തി അനുരജ്ഞനത്തിലൂടെ കാബിനറ്റ് പദവി പ്രഖ്യാപിച്ചിരുന്നെങ്കിൽ പ്രതിസന്ധിയിലേക്കു നീങ്ങില്ലായിരുന്നുവെന്നും ഒരു വിഭാഗം പറയുന്നു.
വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാർക്കെതിരേ യുവമോർച്ചയും ഡിവൈഎഫ്ഐയും തടയലും ആക്രമണവും സംസ്ഥാന വ്യാപകമായി നടത്തുന്നതിനിടെയാണ് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കി യുഡിഎഫ് കണ്വീനർ തന്നെ രംഗത്ത് എത്തിയത്. മന്ത്രിമാർക്കെതിരേയുള്ള കരിങ്കൊടി സമരത്തിലേക്ക് പ്രതിപക്ഷ പാർട്ടികളെ പ്രകോപിപ്പിച്ചതിൽ പാർട്ടിയിൽ ഒരു വിഭാഗം നേതാക്കൾക്കു പങ്കുണ്ടോയെന്ന സംശയവും ഔദ്യോഗിക പക്ഷം ഉന്നയിക്കുന്നു.
Education
തിരുവനന്തപുരം: സെപ്റ്റംബർ 2026 കെടെറ്റ് വിജ്ഞാപന പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ഏഴുവരെ നീട്ടി.
സമർപ്പിച്ച അപേക്ഷയിൽ തെറ്റുണ്ടെങ്കിൽ ഏഴുവരെ https://ktet.kerala.gov.in ലെ കാൻഡിഡേറ്റ് ലോഗിൻ മുഖേന തിരുത്താം.
Education
തിരുവനന്തപുരം: 12ന് ആരംഭിക്കുന്ന ഒന്നാം വർഷ ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷകളുടെ ഫീസ് സൂപ്പർ ഫൈനോടെ അടയ്ക്കേണ്ട അവസാന തീയതി അഞ്ച് വരെ നീട്ടി.
Education
തിരുവനന്തപുരം: കേരള സർക്കാരിന്റെ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന് (കിറ്റ്സ്) അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമായ ‘യുഎൻ ടൂറിസത്തിന്റെ അക്കാദമിക് അംഗീകാരമായ ടെഡ്ക്വാൾ’ അംഗീകാരം ലഭിച്ചു.
കിറ്റ്സിന്റെ എംബിഎ ട്രാവൽ ആൻഡ് ടൂറിസം പ്രോഗ്രാമിനാണ് അംഗീകാരം. ടെഡ്ക്വാൾ മൂല്യനിർണയത്തിൽ ആകെ 78.7 വിജയശതമാനം നേടി മികച്ച പ്രകടനമാണ് കിറ്റ്സ് കാഴ്ചവച്ചത്.
National
ന്യൂഡൽഹി: ലോകത്ത് സ്കൂളുകളിൽ അടിസ്ഥാന ശുചിത്വ സൗകര്യങ്ങളില്ലാത്ത കുട്ടികളുടെ അഞ്ചിലൊന്ന് ഭാഗവും (20 ശതമാനം) ഇന്ത്യയിലാണെന്ന് അന്താരാഷ്ട്ര റിപ്പോർട്ട്. ലോകാരോഗ്യ സംഘടനയുടെയും യുണിസെഫിന്റെയും സംയുക്ത പഠനത്തിനൊടുവിൽ പുറത്തുവിട്ട റിപ്പോർട്ടിലാണു ഞെട്ടിക്കുന്ന കണക്കുള്ളത്.
പ്രോഗ്രസ് ഓൺ ഡ്രിങ്കിംഗ് വാട്ടർ, സാനിറ്റേഷൻ ആൻഡ് ഹൈജീൻ ഇൻ സ്കൂൾസ് 2015-2025 എന്ന പേരിൽ പുറത്തിറക്കിയ പഠനത്തിലാണ് ഈ വിവരങ്ങൾ അടങ്ങിയിട്ടുള്ളത്. 2025ൽ ലോകത്താകമാനം 24.4 കോടി കുട്ടികൾക്കാണ് സ്കൂളുകളിൽ ശുചിത്വ സൗകര്യങ്ങൾ ലഭിക്കാതിരുന്നത്. ഇതിൽ അഞ്ചു കോടിയോളം കുട്ടികൾ ഇന്ത്യയിലാണ്.
നൈജീരിയിൽ 3.4കോടി കുട്ടികൾക്കും എത്യോപ്യയിൽ 2.6കോടി കുട്ടികൾക്കും സിആർ കോംഗോയിൽ 1.1 കോടി കുട്ടികൾക്കും സ്കൂളിൽ ആവശ്യമായ ശുചിത്വസൗകര്യങ്ങൾ ലഭിച്ചിട്ടില്ല. ഇന്തോനേഷ്യയിൽ 80 ലക്ഷം കുട്ടികളും പ്രതിസന്ധി നേരിടുന്നുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു.
ശുചിത്വ സൗകര്യങ്ങളില്ലാത്ത സ്കൂളുകളുടെ എണ്ണത്തിൽ ഇന്ത്യ 14 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സോപ്പില്ല
ഇന്ത്യയിൽ ഏകദേശം രണ്ട് കോടി കുട്ടികൾക്കു സ്കൂളുകളിൽ കൈകഴുകാനുള്ള സോപ്പ് ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
വെള്ളമുണ്ട്
കുടിവെള്ള ലഭ്യതയുടെ കാര്യത്തിൽ ഇന്ത്യ മികച്ച പുരോഗതി നേടിയിട്ടുണ്ടെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. ഇന്ത്യയിൽ ഏകദേശം 1.2 കോടി കുട്ടികൾക്കു മാത്രമാണ് സ്കൂളുകളിൽ കുടിവെള്ള ദൗർലഭ്യമുള്ളത്. ലോകത്ത് കുടിവെള്ള സൗകര്യമില്ലാത്ത കുട്ടികളിൽ ഇരുപതിൽ ഒരാൾ മാത്രമാണ് ഇന്ത്യയിലുള്ളത്. 2030ഓടെ സ്കൂളുകളിൽ എല്ലാവർക്കും കുടിവെള്ളം ഉറപ്പാക്കാൻ സാധിക്കുന്ന 28 രാജ്യങ്ങളിൽ ഒന്നായി ഇന്ത്യയെ കണക്കാക്കുന്നു.
Education
തിരുവനന്തപുരം: ഡൽഹി പൊലിസ്, കേന്ദ്ര സായുധ സേന പൊലിസ് സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി സെപ്റ്റംബർ 30 രാത്രി 11. വിവരങ്ങൾക്ക്: www.ssckkr.kar.nic.in, https://ssc.gov.in.
Education
തിരുവനന്തപുരം: സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2026-27 വർഷത്തെ പ്രഫഷണൽ ഡിപ്ലോമ കോഴ്സസ് ഇൻ അലൈഡ് ആൻഡ് ഹെൽത്ത് കെയർ, ഡെന്റൽ, ഹെൽത്ത് ഇൻസ്പെക്ടർ ആൻഡ് ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഒക്ടോബർ 15 വരെ എൽബിഎസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷകർ ഓൺലൈൻ മുഖേനയോ, വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കണം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 600 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 300 രൂപയുമാണ്. ഓൺലൈൻ അപേക്ഷയുടെ ഫൈനൽ കൺഫർമേഷൻ ഒക്ടോബർ 18ന് മുമ്പ് ചെയ്യണം.
സർക്കാർ അംഗീകരിച്ച പ്രോസ്പെക്ടസും വിജഞാപനവും എൽബിഎസ് സെന്റർ ഡയറക്ടറുടെ വെബ്സൈറ്റിലുണ്ട്.
കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ കേരള ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് തത്തുല്യ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്.
കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ ബോർഡിന്റെ പ്ലസ്ടു/ ഹയർസെക്കൻഡറി പരീക്ഷയിലോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയിലോ രണ്ടാം വർഷത്തിൽ അപേക്ഷാർഥിക്കു ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ എൽബിഎസ് ഡയറക്ടർ തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നുമാണ് അപേക്ഷാർഥികളെ തെരഞ്ഞെടുക്കുന്നത്. വിവരങ്ങൾക്ക്: 0471—2560361, 362, 363, 364.
Education
കൊച്ചി: സര്ക്കാര് സ്ഥാപനമായ കെല്ട്രോണിന്റെ നോളജ് സെന്ററില് സര്ക്കാര് അംഗീകൃതവും നോര്ക്ക അറ്റസ്റ്റേഷനു യോഗ്യവുമായ ഡിപ്ലോമ ഇന് കംപ്യൂട്ടര് ഹാര്ഡ്വേര് ആന്ഡ് നെറ്റ്വര്ക്ക് മെയിന്റനന്സ് വിത്ത് ഇ ഗാഡ്ജെറ്റ് ടെക്നോളജി, പിഎസ്സി നിയമനങ്ങള്ക്ക് യോഗ്യമായ പിജിഡിസിഎ, സിഎ എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. വിവരങ്ങള്ക്ക് ഫോൺ: 04842971400.
Education
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, സർക്കാർ എയ്ഡഡ്, അംഗീകൃത അൺ-എയ്ഡഡ്, സിബിഎസ്ഇ/ ഐസിഎസ്ഇ അഫിലിയേറ്റഡ് സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒഇസി-എസ്ടി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഒഇസി പ്രീ-മെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതിയിൽ 2026-27 വർഷത്തെ അപേക്ഷകൾ സമർപ്പിക്കുന്നതിന് ഇ-ഗ്രാന്റ്സ് പോർട്ടൽ സജ്ജമാക്കി.
സ്കൂളുകളിൽ നിന്നും www.egrantz.kerala.gov.in പോർട്ടലിലൂടെ ഡാറ്റ എൻട്രി നടപടികൾ ഒക്ടോബർ 20 നകം പൂർത്തിയാക്കണം. വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടണം.
Education
കേരളത്തിലെ സര്ക്കാര് / എയ്ഡഡ് സ്കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാര്ഥികള്ക്ക് നാഷണല് മീന്സ്-കം-മെറിറ്റ് സ്കോളര്ഷിപ് (എന്എംഎംഎസ്) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. nmmse.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. അവസാന തീയതി 30.
സ്വന്തമായോ പ്രിന്സിപ്പല് വഴിയോ അപേക്ഷ സമര്പ്പിക്കണം. ഫീസില്ല. അപേക്ഷ സമര്പ്പിച്ചതിനുശേഷം പ്രിന്റും അനുബന്ധരേഖകളും വെരിഫിക്കേഷനായി പ്രിന്സിപ്പലിനു സമര്പ്പിക്കണം. ഹാര്ഡ് കോപ്പി പരീക്ഷാഭവനിലേക്ക് അയയ്ക്കേണ്ടതില്ല. കേന്ദ്രീയ, ജവാഹര്, നവോദയ, സിബിഎസ്ഇ, റസിഡന്ഷ്യല്, മറ്റ് അംഗീകൃത വിദ്യാലയങ്ങളിലെ കുട്ടികളെ പരിഗണിക്കില്ല.
കേരളത്തിലെ 3473 കുട്ടികള്ക്ക് ഓരോ വര്ഷവും സ്കോളര്ഷിപ് കിട്ടും. പരീക്ഷയില് അര്ഹത നേടുന്നവര്ക്ക് 9 മുതല് 12 വരെ ക്ലാസുകളില് പഠിക്കുമ്പോള് പ്രതിവര്ഷം 12,000 രൂപ വീതം സ്കോളര്ഷിപ് ലഭിക്കും. പഠനം തുടര്ന്നും സര്ക്കാര് / എയ്ഡഡ് സ്കൂളില്ത്തന്നെയാകണം.
ഒന്പതാം ക്ലാസിലെ വാര്ഷിക പരീക്ഷയില് 55% മാര്ക്ക് നേടിയാലേ പത്തില് സ്കോളര്ഷിപ് തുക ലഭിക്കൂ. ഇതുപോലെ 10ല് 60%, 11ല് 55% എന്ന ക്രമത്തില് മാര്ക്ക് നേടണം. പട്ടികവിഭാഗക്കാര്ക്ക് 5% ഇളവുണ്ട്. പരീക്ഷയിലെ ഗ്രേഡുകള് ശതമാനമായി മാറ്റേണ്ട രീതി അറിയിപ്പിലുണ്ട്. 2025-26 അധ്യയനവര്ഷം ഏഴാം ക്ലാസിലെ വാര്ഷികപരീക്ഷയില് 55% എങ്കിലും മാര്ക്ക് വേണം. പട്ടികവിഭാഗത്തിന് 50% മതി. രക്ഷിതാക്കളുടെ വാര്ഷികവരുമാനം മൂന്നര ലക്ഷം രൂപ കവിയരുത്.
നവംബര് ഏഴിനാണ് സ്കോളര്ഷിപ്പ് പരീക്ഷ. ഒഎംആര് ശൈലിയിലുള്ള പരീക്ഷയ്ക്ക് 90 മിനിറ്റ് വീതമുള്ള രണ്ടു ഭാഗങ്ങളാണുള്ളത്. ഓരോന്നിലും 90 മള്ട്ടിപ്പിള് ചോയ്സ് ചോദ്യങ്ങള്. രണ്ടു ഭാഗങ്ങള്ക്കും ചേര്ത്ത് 40% എങ്കിലും മാര്ക്ക് നേടണം. പട്ടികവിഭാഗക്കാര് 32%.
National
ന്യൂഡല്ഹി: ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി പേപ്പറുകളുടെ യുജിസി നെറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു. ഉദ്യോഗാര്ഥികള്ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി സ്കോര് കാര്ഡുകള് കാണാനും ഡൗണ്ലോഡ് ചെയ്യാനും സാധിക്കുമെന്ന് നാഷണല് ടെസ്റ്റിംഗ് ഏജന്സി (എന്ടിഎ) അറിയിച്ചിട്ടുണ്ട്.
മൂന്ന് വിഷയങ്ങളിലായി ആകെ 1,96,491 ഉദ്യോഗാര്ഥികളാണു പരീക്ഷയ്ക്കു രജിസ്റ്റര് ചെയ്തിരുന്നത്. ഇതില് 1,20,355 പേര് കഴിഞ്ഞ 9, 10 തീയതികളില് 272 നഗരങ്ങളിലായി സജ്ജീകരിച്ച 454 കേന്ദ്രങ്ങളില് നടന്ന പുനഃപരീക്ഷയില് പങ്കെടുത്തു.
പരീക്ഷയെഴുതിയവരില് 824 പേര് ജൂനിയര് റിസര്ച്ച് ഫെലോഷിപ്പിനും (ജെആര്എഫ്), 11,610 പേര് അസിസ്റ്റന്റ് പ്രഫസര് യോഗ്യതയ്ക്കും 23,154 പേര് പിഎച്ച്ഡി പ്രവേശനത്തിന് മാത്രമായുള്ള യോഗ്യതയ്ക്കും അര്ഹത നേടി.
ജെആര്എഫ് നല്കുന്നതിനും അസിസ്റ്റന്റ് പ്രഫസര് യോഗ്യതയ്ക്കും പിഎച്ച്ഡി പ്രവേശനത്തിനുമായി 87 വിഷയങ്ങളിലായി യുജിസി നെറ്റ് 2026 ജൂണില് നടത്തിയിരുന്നു. എന്നാല് ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിലെ ചോദ്യപേപ്പറുകളിലുണ്ടായ പിശകുകളെക്കുറിച്ച് വ്യാപക പരാതികൾ ഉയരുകയും പുനഃപരീക്ഷ നടത്താൻ തീരുമാനിക്കുകയുമായിരുന്നു.
Sports
തൃക്കരിപ്പുർ: സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായുള്ള രണ്ടാം ഗ്രൂപ്പ് മൽസരങ്ങൾക്ക് തൃക്കരിപ്പൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ഹോക്കി താരം ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് പതാക ഉയർത്തി.
സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പ്രാഥമിക റൗണ്ട് കബഡി മത്സരങ്ങളാണു നടന്നത്. ആൺകുട്ടികളുടെ സെമിയിൽ കാസർഗോഡ് എറണാകുളവുമായും പാലക്കാട് ഇടുക്കിയുമായും ഏറ്റുമുട്ടും.
പെൺകുട്ടികളിൽ ആലപ്പുഴ പാലക്കാടിനെയും തൃശൂർ കോഴിക്കോടിനെയും നേരിടും.
Education
കൊച്ചി: കംപ്യൂട്ടർ സയൻസിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലുമായി ഐഐടി ബോംബെ പുതിയ ഇ-പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ആരംഭിക്കുന്നു.
എഡ്ടെക് പങ്കാളിയായ ഗ്രേറ്റ് ലേണിംഗുമായി ചേർന്നാണു കോഴ്സ് രൂപകൽപന ചെയ്തിരിക്കുന്നത്. ഓൺലൈൻ പഠനത്തോടൊപ്പം ഐഐടി ബോംബെ കാമ്പസിൽ നേരിട്ടുള്ള സെഷനുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജനറേറ്റീവ് എഐ, ലാർജ് ലാംഗ്വേജ് മോഡലുകൾ, അൽഗോരിതങ്ങൾ, ബ്ലോക്ക്ചെയിൻ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി കംപ്യൂട്ടർ സയൻസ്, എഐ ആൻഡ് മെഷീൻ ലേണിംഗ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണു സിലബസ് ക്രമീകരിച്ചിരിക്കുന്നത്. ആറ് കോഴ്സുകൾപ്പെട്ട പ്രോഗ്രാം ഒരു വർഷംകൊണ്ടു പൂർത്തിയാക്കാം.
പരമാവധി മൂന്നു വർഷം വരെ സമയം അനുവദിച്ചിട്ടുണ്ട്. സോഫ്റ്റ്വേർ ഡെവലപ്പർമാർ, എൻജിനിയർമാർ, ഐടി പ്രഫഷണലുകൾ, ഡാറ്റ സയന്റിസ്റ്റുകൾ എന്നിവരെ ലക്ഷ്യമിട്ടാണ് കോഴ്സ് തയാറാക്കിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് https:// www.cse.iitb.ac.in/academics/programme/epgd സന്ദർശിക്കുക:
Education
തിരുവനന്തപുരം: നഴ്സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്സസ് ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികൾക്കുള്ള കാഷ് അവാർഡിനും സ്കോളർഷിപ്പിനുമുള്ള അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് അപേക്ഷിക്കാം.
പരീക്ഷാഫലം പ്രഖ്യാപിച്ച് മൂന്നു മാസത്തിനകം അപേക്ഷ നിശ്ചിത ഫോമിൽ അതത് ജില്ലയിലെ എംസിഎച്ച് ഓഫീസർ വഴിയോ ഡിസ്ട്രിക്ട് നഴ്സിംഗ് ഓഫീസർ വഴിയോ നേരിട്ടോ ക്ഷേമനിധി സെക്രട്ടറിക്ക് അയയ്ക്കണം.
പ്രഫഷണൽ കോഴ്സുകളിലേക്കു പ്രവേശന പരീക്ഷയിലൂടെ ഗവൺമെന്റ് ക്വാട്ടയിൽ പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കും ഗവൺമെന്റ് നഴ്സിംഗ് സ്കൂളുകളിലും ഗവൺമെന്റ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് സ്കൂളിലും പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം.
അഡ്മിഷൻ ലഭിച്ച് മൂന്ന് മാസത്തിനകമോ നവംബർ 30 ന് അകമോ അപേക്ഷ നൽകണം. വിവരങ്ങൾക്ക്: സെക്രട്ടറി, നഴ്സസ് ക്ഷേമനിധി, ഹോളി ഏഞ്ചൽസ് കോൺവെന്റിന് എതിർവശം, തിരുവനന്തപുരം -1. ഫോൺ 0471 2469049.
National
ന്യൂഡൽഹി: ഡൽഹിയിലെ മൂന്ന് സ്കൂളുകൾക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. തുടർന്ന് സുരക്ഷാ പരിശോധനകൾ നടത്തുകയും വിദ്യാർഥികളെ സ്കൂളിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു.
ചാണക്യപുരിയിലെ ബ്രിട്ടീഷ് സ്കൂൾ, ധൗള കുവാനിലെ ആർമി പബ്ലിക് സ്കൂൾ, ലോധി എസ്റ്റേറ്റിലെ സർദാർ പട്ടേൽ വിദ്യാലയ എന്നീ സ്കൂളുകൾക്കാണ് ഇമെയിൽ ലഭിച്ചത്.
വിവരം അറിഞ്ഞ് രാവിലെ 11:30 ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒന്നിന് ബോംബ് ഭീഷണി വ്യാജമാണെന്ന് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥർ സ്കൂൾ കെട്ടിടങ്ങളും പരിസരങ്ങളും പരിശോധിച്ചെങ്കിലും സംശയാസ്പദമായ വസ്തുക്കളോ സ്ഫോടകവസ്തുക്കളോ കണ്ടെത്താനായില്ല. സ്കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി പരിശോധനകൾക്ക് ശേഷം വ്യാജമാണെന്ന് കണ്ടെത്തി. ഇമെയിലിന്റെ ഉറവിടം കണ്ടെത്താനും ഭീഷണിയുടെ പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചുള്ള വിശദാംശങ്ങൾ പരിശോധിക്കാനും പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കോട്ടയം: പാലായിൽ സ്കൂളിൽ കുഴഞ്ഞുവീണ അധ്യാപകൻ മരിച്ചു. ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനായ ഇടമറുക് ഇല്ലിക്കൽ മജോ ജോസഫ് ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ പത്തേമുക്കാലോടെയാണ് മജോ സ്കൂളിൽ കുഴഞ്ഞുവീണത്. സ്കൂളിൽ കലോത്സവ പരിപാടികൾ നടക്കുന്നതിനായുള്ള അനൗൺസ്മെൻ്റിൽ ഏർപ്പെട്ടിരിക്കവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
മജോയെ അധ്യാപകർ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
District News
പൂവാര് : പൂവാര് ഗവ. വൊക്കേഷണല് ഹയര്സെക്കന്ഡറി സ്കൂള് കലോത്സവം മോട്ടിവേഷണല് സ്പീക്കര് ഗിരീഷ് പരുത്തിമഠം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജെ. സ്റ്റീഫന് അധ്യക്ഷനായി.
പഞ്ചായത്ത് അംഗങ്ങളായ പ്രവീണകുമാരി, മെഹബൂബ് ഖാന്, എസ്എംസി ചെയര്മാന് ജിസ്തി മൈതീന്പിള്ള, ഹയര്സെക്കന്ഡറി പ്രിന്സിപ്പൽ എസ്. പ്രീജ, വൊക്കേഷണല് ഹയര്സെക്കന്ഡറി പ്രിന്സിപ്പാള് കെ.ബി ഫാത്തിമ, പ്രധാനാധ്യാപിക വി.പി സുജാത, ജനറല് കണ്വീനര് ജി. ക്രിസ്റ്റഫര് എന്നിവര് പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി സ്കൂൾ, ബിരുദ ബിരുദാനന്തര കോളജ് വിദ്യാർഥികൾക്കായി ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു.
‘കേരളം - കലയും തനത് സംസ്കാരവും ടൂറിസവും എന്ന വിഷയത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. വിദ്യാർഥികൾ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം സഹിതം അപേക്ഷിക്കണം. അവസാന തീയതി 24. എൻട്രികൾ സമർപ്പിക്കേണ്ട മെയിൽ ഐ ഡി - [email protected] . ഫോൺ - 0471 2478193, 9447728351.
Sports
തിരുവനന്തപുരം: കായിക കേരളത്തിന്റെ ഭാവിതാരങ്ങളെ കണ്ടെത്തുന്ന ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് വേദിയാകുന്നു. ഒക്ടോബർ 24 മുതൽ 29 വരെയാണ് മേള നടക്കുന്നത്.
കോഴിക്കോട് എൻഐടി ഗ്രൗണ്ടായിരിക്കും കായിക പോരാട്ടങ്ങളുടെ മുഖ്യവേദി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരത്തിലേറെ വിദ്യാർഥികളാണ് ഇത്തവണ വിവിധ മത്സരയിനങ്ങളിൽ മാറ്റുരയ്ക്കാൻ എത്തുന്നത്.
സെപ്റ്റംബർ ആറിന് കായികമേളയുടെ സംഘാടക സമിതിയുടെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി എ.എൻ ഷംസുദ്ദീൻ നിർവഹിക്കും. കഴിഞ്ഞ വർഷം തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് വച്ചായിരുന്നു കായികമേള സംഘടിപ്പിച്ചത്. അന്ന് ആതിഥേയരായ തിരുവനന്തപുരം ജില്ല തന്നെയായിരുന്നു മേളയിലെ സ്വർണ്ണക്കപ്പും സ്വന്തമാക്കിയത്.
District News
മുക്കം: അറിവിനൊപ്പം പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ചോദ്യങ്ങളുമായി കുരുന്നുകളുടെ ശാസ്ത്രലോകത്തേക്കുള്ള യാത്രയ്ക്ക് തുടക്കമായി. മുക്കം ഉപജില്ലയിലെ സ്കൂളുകളിലാണ് ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐടി, പ്രവൃത്തി പരിചയമേളക്ക് തുടക്കമായത്. പന്നിക്കോട് എയുപി സ്കൂളിലും ശാസ്ത്രമേള ആവേശത്തോടെയാണ് നടന്നത്. വിവിധ വിഭാഗങ്ങളിലായി നിരവധി വിദ്യാർഥികൾ പങ്കെടുത്തു.
പാഠപുസ്തകങ്ങളിൽ പഠിച്ച ശാസ്ത്രതത്വങ്ങൾ പരീക്ഷണങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും അവതരിപ്പിച്ചാണ് വിദ്യാർഥികൾ മേളയിൽ മാറ്റുരച്ചത്. ശാസ്ത്രപ്രദർശനം, പരീക്ഷണങ്ങൾ, പ്രവർത്തന മാതൃകകൾ, ശാസ്ത്ര ആശയങ്ങൾ അവതരിപ്പിക്കുന്ന വിവിധ ഇനങ്ങൾ എന്നിവയിൽ വിദ്യാർഥികളുടെ പങ്കാളിത്തം ശ്രദ്ധേയമായി.
മേള കൊടിയത്തൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കസ്ന ഹമീദ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി. ഫസൽ ബാബു അധ്യക്ഷത വഹിച്ചു. മാനേജർ സി. കേശവൻ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി. പ്രധാനാധ്യാപിക വി.പി. സജ്നി, എംപിടിഎ പ്രസിഡന്റ് അസൂറാബി റസാഖ്, സ്റ്റാഫ് സെക്രട്ടറി പി.കെ. ഹഖീം കളൻതോട്, പിടിഎ അംഗങ്ങളായ മുജീബ് നെല്ലിക്കാപറമ്പ്, വാസുദേവൻ ചെറുവക്കാട്ട്, ജസീല, സംഗീത തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: അമ്പത്തിനാലാമത് സർവോദയ സ്കൂൾ കായികമേളയ്ക്ക് കൊടിയേറി. കായികതാരങ്ങളുടെ മാര്ച്ച് പാസ്റ്റോടെയാണ് ഉദ്ഘാടനച്ചടങ്ങിന് തുടക്കമായത്.
സർവോദയ വിദ്യാലയ പ്രിൻസിപ്പൽ ജോൺ കുര്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മന്ത്രി ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു.
ബർസാർ ഫാ. ഏബ്രഹാം ഉഴത്തിൽ, സൈബർ സുരക്ഷ വിഭാഗം എസിപി സന്തോഷ്കുമാർ, വൈസ് പ്രിൻസിപ്പൽ ടെറിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ രണ്ടായിരത്തിലധികം കായിക പ്രതിഭകൾ വിവിധ മത്സരങ്ങളിലായി അണിനിരക്കും.
Education
സെന്ട്രല് യൂണിവേഴ്സിറ്റി ഓഫ് തമിഴ്നാട് (CUTN) 2026 വര്ഷത്തെ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഗവേഷണ വിഷയങ്ങള്
അപ്ലൈഡ് സൈക്കോളജി, ബയോടെക്നോളജി, കെമിസ്ട്രി, കൊമേഴ്സ്, കംപ്യൂട്ടര് സയന്സ്, ഇക്കണോമിക്സ്, എഡ്യൂക്കേഷന്, ഇംഗ്ലീഷ്, ജോഗ്രഫി, ജിയോളജി, ഹിന്ദി, ഹിസ്റ്ററി, ഹോര്ട്ടികള്ച്ചര്, ലോ, ലൈബ്രറി ആന്ഡ് ഇന്ഫര്മേഷന് സയന്സ്, മെറ്റീരിയല്സ് സയന്സ്, മാത്തമാറ്റിക്സ്, മീഡിയ ആന്ഡ് കമ്യൂണിക്കേഷന്, മൈക്രോബയോളജി, മ്യൂസിക്, ഫിസിക്കല് എഡ്യൂക്കേഷന് ആന്ഡ് സ്പോര്ട്സ്, ഫിസിക്സ്, സോഷ്യല് വര്ക്ക്, സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ്, തമിഴ്, ഹിസ്റ്ററി, ലൈബ്രറി ആന്ഡ് ഇന്ഫര്മേഷന് സയന്സ്, എപിഡെമിയോളൊജി ആന്ഡ് പബ്ലിക് ഹെല്ത്ത്, ടൂറിസം ആന്ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മന്റ് .
യോഗ്യത
കുറഞ്ഞത് 55 % മാര്ക്കോടെ ബന്ധപ്പെട്ടതോ അനുബന്ധമായതോ ആയ വിഷയത്തില് നേടിയ എംഫില്. ബിരുദം / കുറഞ്ഞത് 55 % മാര്ക്കോടെ ബന്ധപ്പെട്ടതോ അനുബന്ധമായതോ ആയ വിഷയത്തില് നേടിയ ബിരുദാനന്തര ബിരുദം / കുറഞ്ഞത് 75 % മാര്ക്കോടെ ബന്ധപ്പെട്ടതോ അനുബന്ധമായതോ ആയ വിഷയത്തില് നേടിയ 4 വര്ഷത്തെ ബാച്ചിലേഴ്സ് ബിരുദം.
b. യുജിസി നെറ്റ്/ യുജിസി-സിഎസ്ഐആര് നെറ്റ്/ഗേറ്റ് തുടങ്ങിയ പരീക്ഷകളിലെ സാധുവായ സ്കോര് / സിയുടിഎന് നടത്തുന്ന പിഎച്ച്ഡി പ്രവേശന പരീക്ഷയിലെ (2026) സാധുവായ സ്കോര്.
അപേക്ഷ
അപേക്ഷകര് ഓണ്ലൈനായി സെപ്റ്റംബര് ആറിനകം അപേക്ഷിക്കണം.
അപേക്ഷാ ഫീസ്
ജനറല്/ഒബിസി /ഇഡബ്ല്യുഎസ് അപേക്ഷകര്ക്ക് 2360 രൂപയും എസ്സി / എസ്ടി/ പിഡബ്ല്യുഡി/ തേര്ഡ് ജെന്ഡര് അപേക്ഷകര്ക്ക് 1770രൂപയും.
പ്രവേശന നടപടിക്രമം
പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കുന്ന നെറ്റ് യോഗ്യതയില്ലാത്ത എല്ലാ അപേക്ഷകരും സെന്ട്രല് യൂണിവേഴ്സിറ്റി ഓഫ് തമിഴ്നാട് നടത്തുന്ന പിഎച്ച്ഡി പ്രോഗ്രാമിലേക്കുള്ള പൊതു പ്രവേശന പരീക്ഷയില് പങ്കെടുക്കണം. സാധുവായ ഗേറ്റ് അല്ലെങ്കില് സിഎസ്ഐആര്/യുജിസി-നെറ്റ് യോഗ്യതയുള്ള അപേക്ഷകരെ പ്രവേശന പരീക്ഷയില്നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അക്കാദമിക് റിക്കാര്ഡും അഭിമുഖ പരീക്ഷയിലെ പ്രകടനവും അടിസ്ഥാനമാക്കി, പിഎച്ച്ഡി പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനായി സെലക്ഷന് കമ്മിറ്റി അപേക്ഷകരെ തെരഞ്ഞെടുക്കും.
വിശദാംശങ്ങള്ക്ക്: ടെലിഫോണ്: +919442488406
ഇ-മെയില്: [email protected]
വെബ്സൈറ്റ്: https://cutn.ac.in/
ലിങ്ക്: https://cutn.ac.in/admissions-phd-programmes/
Education
തിരുവനന്തപുരം: ഒന്നാംഘട്ട പിജി ദന്തൽ (എംഡിഎസ്) കോഴ്സുകളിലേയ്ക്കുള്ള ഓപ്ഷൻ രജിസ്ട്രേഷൻ സമർപ്പിക്കുന്നതിനുള്ള തിയതി മൂന്നിനു രാവിലെ 11വരെ നീട്ടി. വിവരങ്ങൾക്ക്: www.cee.kerala.gov.in. , 04712332120.
Education
കോട്ടയം: 10-ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അടുത്ത വർഷത്തെ പ്ലസ് വണ്, പ്ലസ് ടു പഠനത്തോടൊപ്പം ഐഐടി, എയിംസ്, ഐസർ, സിയുഇടി തുടങ്ങിയ പ്രവേശന പരീക്ഷകൾക്കുള്ള രണ്ടു വർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമിലേക്കുള്ള സ്ക്രീനിംഗ് ടെസ്റ്റ് 13-ന് നടത്തപ്പെടുന്നു. കേരളത്തിലെ എല്ലാ ജില്ലകൾക്കും പുറമെ ബംഗളൂരു, ദുബായി, ഖത്തർ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലും ഓണ്ലൈനായും പരീക്ഷ എഴുതാവുന്നതാണ്.
സ്കോളർഷിപ്പുകൾ: ഐഐടി, എയിംസ് ഇന്റഗ്രേറ്റഡ് പ്രവേശന പരീക്ഷയിൽ ഒന്നും രണ്ടും മൂന്നും റാങ്ക് നേടുന്നവർക്ക് യഥാക്രമം 5 ലക്ഷം, 4 ലക്ഷം, 3 ലക്ഷം രൂപയും നാല്, അഞ്ച് റാങ്കുകൾക്ക് 2 ലക്ഷം രൂപ വീതവും സ്കോളർഷിപ്പ് ലഭിക്കും. പ്രവേശന പരീക്ഷയിൽ റാങ്കു നേടുന്ന സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹരായ കുട്ടികൾക്ക് ’ബ്രില്ല്യന്റ് സ്റ്റുഡന്റ് മൈത്രി’ സ്കീമിലൂടെ സാന്പത്തിക സഹായവും ലഭിക്കും.
ഫൗണ്ടേഷൻ പ്രോഗ്രാം: 5, 6, 7, 8, 9 ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള സ്ക്രീനിംഗ് ടെസ്റ്റ് 13-ന് ഓഫ്ലൈനായും ഓണ്ലൈനായും നടക്കും.
ബ്രില്ല്യന്റ് സയൻസ് ഒളിന്പ്യാഡ് (BSO2026): 5 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി നടത്തുന്ന ഒളിന്പ്യാഡിന്റെ ആദ്യഘട്ട പരീക്ഷ നവംബർ 14-ന് ഓണ്ലൈനായി നടക്കും. സൗജന്യമായി രജിസ്റ്റർ ചെയ്യാം.
നീറ്റ് / ജെഇഇ 2027 റിപ്പീറ്റേഴ്സ് & റീറിപ്പീറ്റേഴ്സ്: പുതിയ ബാച്ചുകൾ 16-ന് തിരുവനന്തപുരം, കൊല്ലം, പാലാ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ സെന്ററുകളിൽ ഓഫ്ലൈനായും ഓണ്ലൈനായും ബാച്ചുകൾ ആരംഭിക്കും. 2026ലെ നീറ്റ് സ്കോർ/മാർക്കിന്റെ അടിസ്ഥാനത്തിൽ 100 % വരെ സ്കോളർഷിപ്പും ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: www.brilliantpala.org
ഫോണ്: 04822-206100, 206800.
National
ജയ്പുർ: രാജസ്ഥാനിലെ കോട്ട ജില്ലയിൽ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ 27 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തിങ്കളാഴ്ച ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് വിദ്യാർഥികൾക്ക് തലവേദന, തലകറക്കം, ഛർദി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്.
വിവരമറിഞ്ഞ ഉടൻ മെഡിക്കൽ സംഘത്തെ സ്കൂളിലേക്ക് അയച്ചതായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ രൂപ് സിംഗ് മീണ അറിയിച്ചു. ഏകദേശം 27 കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായും ഇതിൽ 10 മുതൽ 12 വരെ കുട്ടികളെ മെഡിക്കൽ കോളജിൽ എത്തിച്ചതായും മീണ പറഞ്ഞു. ഇവരിൽ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റ് കുട്ടികളെയും മെഡിക്കൽ സംഘം പരിശോധിച്ച് ആവശ്യമായ പ്രാഥമിക ചികിത്സ നൽകി.
കുട്ടികളുടെ ആരോഗ്യനിലയിൽ ഗുരുതരമായ മാറ്റങ്ങളുണ്ടാകാതിരിക്കാൻ എല്ലാവരെയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്നും അവരുടെ ജീവൽസൂചകങ്ങൾ സാധാരണ നിലയിലാണെന്ന് ഉറപ്പാക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
രാജസ്ഥാൻ മന്ത്രി മദൻ ദിലാവറും ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്ന കുട്ടികളെ സന്ദർശിക്കുകയും ഡോക്ടർമാരുമായി സംസാരിക്കുകയും ചെയ്തു. എല്ലാ കുട്ടികളും നിലവിൽ സുരക്ഷിതരാണെന്നും അപകടനില തരണം ചെയ്തതായും അദ്ദേഹം അറിയിച്ചു.
Education
തിരുവനന്തപുരം: ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തുമെന്ന് ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടർ അറിയിച്ചു. ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബറിൽ നടത്താൻ സർക്കാർ ഉത്തരവ് ഇറക്കിയതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ തീയതി പ്രഖ്യാപിച്ചത്.
നേരത്തെ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ പ്ലസ് ടു പരീക്ഷയോടൊപ്പം മാർച്ച് മാസത്തിൽ നടത്തിയിരുന്നത് വിദ്യാർഥികൾക്ക് ഏറെ മാനസിക സംഘർഷം ഉൾപ്പെടെയുള്ള പ്രയാസങ്ങൾക്ക് കാരണമായിരുന്നു.
ഇതേത്തുടർന്ന് ഇംപ്രൂവ്മെന്റ് പരീക്ഷ മാർച്ച് മാസത്തെ രണ്ടാം വർഷ പരീക്ഷയോടൊപ്പം നടത്തരുതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീന് നിരവധി നിവേദനങ്ങൾ ലഭിച്ചിരുന്നു. ഈ നിവേദനങ്ങൾ പരിഗണിച്ച് മന്ത്രി ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബറിൽ നടത്താൻ നിർദേശം നൽകുകയായിരുന്നു.
തുടർന്നാണ് കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവ് ഇറക്കിയത്. ഈ തീയതികളുടെ അടിസ്ഥനത്തിലുള്ള ടൈം ടേബിൾ ഉടൻ പ്രഖ്യാപിക്കും.
National
പറ്റ്ന: ബിഹാറിലെ അർവാൾ ജില്ലയിലെ സ്കൂളുകളിൽ വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തി. 75- ഓളം സർക്കാർ സ്കൂളുകളിൽ വിതരണം ചെയ്ത ഉച്ചഭക്ഷണത്തിലാണ് പുഴുക്കളെ കണ്ടെത്തിയത്. ഭക്ഷണം മോശമായതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുകയും പ്ലേറ്റുകൾ വലിച്ചെറിയുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വിദ്യാർഥികൾക്ക് വിളമ്പിയ സോയാബീൻ കറിയിലും ചോറിലുമാണ് പുഴുക്കളെ കണ്ടെത്തിയത്. റോയൽ മാനവ് മിത്രാ സേവ സമിതി എന്ന ഏജൻസിയാണ് അർവാളിലെ സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്തിരുന്നത്.
ഭക്ഷണത്തിൽ പുഴുക്കളെ കണ്ടയുടൻ വിദ്യാർഥികൾ അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കുട്ടികൾ ഭക്ഷണം കഴിക്കാൻ തയാറാകാതെ പ്രതിഷേധിച്ചു. സംഭവത്തിൽ ഉടൻ അന്വേഷണത്തിന് ഉത്തരവിട്ടു.
അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയാൽ ഏജൻസിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അർവാൾ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അസ്ഗർ ഹുസൈൻ വ്യക്തമാക്കി. കുട്ടികളുടെ ആരോഗ്യ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
District News
മണിമല: സാറുമ്മാരേ എത്ര കിലോ പൂവ് വേണം. ചോദിക്കുന്നത് യൂണിഫോമിട്ട കുറച്ചു കുട്ടികൾ. പൂവ് മേടിക്കാനെത്തിയത് കാഞ്ഞിരപ്പിള്ളി താലൂക്ക് ഓഫീസിലെ ജീവനക്കാരും.
മണിമല കറിക്കാട്ടൂർ സിസിഎം എച്ച്എസ്എസ് സ്കൂൾ മൂറ്റമാണ് സ്ഥലം. സ്കൂളിലെ വിദ്യാർഥികൾ ഈ ഓണക്കാലത്ത് പൂവ് വില്പനയിലാണ്. സ്കൂൾ തുറന്ന ആദ്യ ആഴ്ച തന്നെ വിദ്യാർഥികൾ നട്ട ബന്ദി തൈകൾ പൂത്തുലഞ്ഞ് മഞ്ഞയും ഓറഞ്ചു കലർന്ന വർണപൂക്കളായി.
20 സെന്റ് സ്ഥലത്താണ് ചാണകവും കോഴി വളവും ചേർത്തൊരുക്കിയ മണ്ണിൽ മൾച്ചിംഗ് ഷീറ്റ് പാകി ബന്ദി തൈ നട്ടത്. അഞ്ചു മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ 754 കുട്ടികളും അധ്യാപകരും അനധ്യാപകരുമായ 52 പേരുമാണ് പൂന്തോട്ടത്തിനു പിന്നിൽ.
കൂട്ടിക്കൽ കാർഷിക നഴ്സറിയിൽ നിന്നുമാണ് അഞ്ചു രൂപയ്ക്ക് തൈകൾ വാങ്ങിയത്. സമീപ പ്രദേശങ്ങളിലുള്ളവർക്ക് അഞ്ചു രൂപ നിരക്കിൽ ബന്ദി തൈ വിൽക്കുന്നുണ്ട്. മണിമല കൃഷി ഓഫീസർ അരുണ് ജോസഫ് ആവശ്യമായ നിർദേശം നല്കിയിരുന്നു.
ഓരോ ക്ലാസിലെ വിദ്യാർഥികൾക്കും തൈ നടൽ മുതൽ വിളവെടുപ്പ് വരെയുള്ള കാലത്ത് ഓരോ പ്രവർത്തനങ്ങൾക്കും അവസരം നല്കിയിരുന്നു. റോണി കെ. ബേബി എംഎൽഎ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
കിലോഗ്രാമിനു 140 മുതൽ 150 രൂപ വരെ നിരക്കിൽ 110 കിലോയോളം ബന്ദി പൂക്കൾ വില്പന നടത്തി. പ്രദേശത്തെ മിക്ക സർക്കാർ സ്ഥാപനങ്ങളും പൂക്കൾ വാങ്ങിയതു ഇവിടെ നിന്നാണ്.
പ്രിൻസിപ്പൽ ഷാജി കുര്യാക്കോസ്, ഹെഡ് മാസ്റ്റർ ഷിനോജ് ജോസഫ്, പിടിഎ അംഗങ്ങൾ എന്നിവർ കുട്ടിക്കർഷകർക്ക് പിന്തുണയുമായി ഒപ്പമുണ്ട്. പത്താം ക്ലാസ് വിദ്യാർഥിനി തെരേസ സുജോയ്ക്ക് ഇത്തവണ മണിമല പഞ്ചായത്തിന്റെ മികച്ച കുട്ടിക്കർഷക അവാർഡും ലഭിച്ചിരുന്നു.
ബന്ദി കൃഷി വിളവെടുത്തശേഷം പച്ചമുളക് കൃഷി ആരംഭിക്കും. കൃഷിയിലൂടെ ലഭിക്കുന്ന പണം വിവിധ ആഘോഷങ്ങൾക്കും പഠനോപകരണങ്ങൾ വാങ്ങാനുമാണ് ഉപയോഗിക്കുന്നത്.
National
പാറ്റ്ന: സ്കൂൾ ഉച്ചഭക്ഷണത്തിൽ ഉപ്പിനു പകരം അബദ്ധത്തിൽ സോപ്പുപൊടി ചേർത്തതിനെത്തുടർന്ന് 34 വിദ്യാർഥികൾ ആശുപത്രിയിലായി. ബിഹാറിലെ നളന്ദ ജില്ലയിലെ പാർസ സ്കൂളിലാണ് സംഭവം.
ഉച്ചഭക്ഷണം കഴിച്ചതിനു പിന്നാലെ കുട്ടികൾക്ക് ശക്തമായ ഛർദിയും വയറുവേദനയുമുണ്ടാകുകയായിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെയുള്ള വിദ്യാർഥികൾക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. കഴിച്ച ഭക്ഷണത്തിന് സോപ്പുപൊടിയുടെ മണമുണ്ടായിരുന്നതായി കുട്ടികൾ പറഞ്ഞു.
ബിഹാർഷെരിഫ് സദർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ കുട്ടികൾക്ക് അടിയന്തര ചികിത്സ ഉറപ്പാക്കിയതായും ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നളന്ദ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹേംചന്ദ്ര പ്രതികരിച്ചു.
സ്കൂളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത് ഒരു സന്നദ്ധ സംഘടനയാണ്. ഈ ഭക്ഷണം മറ്റൊരു സ്കൂളിൽ നിന്നാണ് കൊണ്ടുവന്നതെന്ന് ഒരു അധ്യാപകൻ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഉച്ചഭക്ഷണത്തിൽ ഉപ്പ് കുറഞ്ഞതിനെ തുടർന്ന് ചില വിദ്യാർഥികൾ ആവശ്യപ്പെട്ടതനുസരിച്ച്, ഉപ്പാണെന്നു തെറ്റിദ്ധരിച്ച് അധ്യാപകർ സോപ്പുപൊടി നൽകുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഭക്ഷണം കഴിച്ചയുടൻ തന്നെ കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. കൂടുതൽ കുട്ടികൾ ഛർദിക്കാൻ തുടങ്ങിയതോടെ അധ്യാപകർ ഉടൻ തന്നെ അവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
District News
മഞ്ചേരി: മംഗലശേരിയിലെ എം.പി. ഫാത്തിമ സുഹ്റ കുരിക്കൾ സ്മാരക ബഡ്സ് റിഹാബിലിറ്റേഷന് സെന്ററിലേക്ക് എംപിയുടെ പ്രാദേശിക വികസന ഫണ്ടില് നിന്ന് വാഹനം അനുവദിച്ചു. വാഹനത്തിന്റെ ഫ്ളാഗ് ഓഫ് ഇ.ടി. മുഹമ്മദ് ബഷീര് എംപി നിര്വഹിച്ചു. ചെയര്പേഴ്സണ് വല്ലാഞ്ചിറ അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്പേഴ്സണ് അഡ്വ. ബീന ജോസഫ്, സ്ഥിരംസമിതി അധ്യക്ഷരായ വല്ലാഞ്ചിറ സക്കീര്, എം.വി. അബൂബക്കര്, റിസ്വാന സാദിഖ് കൂളമഠത്തില്, ഷാനിബ ഫൈസല്, മെംബര് സെക്രട്ടറി റെജി തോമസ്, മുന് എംഎല്എ അഡ്വ. യു.എ. ലത്തീഫ്, പ്രധാനാധ്യാപിക വി. ഷഹീക ഫര്സാന, പ്രസിഡന്റ് വല്ലാഞ്ചിറ മുഹമ്മദലി, സെക്രട്ടറി അഷ്റഫ് ഹാജി, വി.എം. സുബൈദ, എന്.എം. എല്സി എന്നിവര് പ്രസംഗിച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ സംഭലിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികൾക്ക് മേൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ട് വയസുകാരൻ മരിച്ചു. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു.
നൈസാം ആണ് മരിച്ചത്. സെയ്ഫ് അലി (11), ഷൈദാന (10) എന്നീ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭാലിലെ മദാല ഗ്രാമത്തിലുള്ള സ്കൂളിലാണ് സംഭവം. സ്വാതന്ത്ര്യദിന ചടങ്ങുകൾ നടക്കുമ്പോഴായിരുന്നു അപകടം. സ്കൂൾ കെട്ടിടത്തിന്റെ ബാൽക്കണിയാണ് വിദ്യാർഥികളുടെ മേൽ തകർന്നു വീണത്.
സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ കാണുന്നതിനായി സമീപവാസികളായ കുട്ടികൾ സ്കൂളിലെ പ്രധാന കവാടത്തിന് മുകളിലുള്ള ബാൽക്കണിയിൽ കയറി നിൽക്കുകയായിരുന്നു. കുട്ടികളുടെ ഭാരം താങ്ങാനാവാതെ ഈ കോൺക്രീറ്റ് ഘടന തകർന്നു വീഴുകയായിരുന്നു.
വിവരമറിഞ്ഞയുടൻ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റും പോലീസ് സൂപ്രണ്ടും സബ് ഡിവിഷണൽ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയും നിർദേശങ്ങൾ നൽകുകയും ചെയ്തു.
National
ഹാമിര്പുര്: സ്കൂളിലേക്കു റോഡ് നിർമിക്കണമെന്നാവശ്യപ്പെട്ട് ദേശീയപതാക കൈകളിലലേന്തി സ്കൂള് വിദ്യാര്ഥികള് ജില്ലാ കളക്്ടറേറ്റിലേക്ക് തിരംഗയാത്ര.
ഉത്തര്പ്രദേശിലെ ഹാമിര്പുരിലാണ് ആല്ഫ തലമുറയുടെ വേറിട്ട പ്രതിഷേധം. റോഡില്ലാത്തതിനാല് വിദ്യാര്ഥികള് മാത്രമല്ല, കര്ഷകരും രോഗികളുമെല്ലാം കഷ്ടപ്പെടുകയാണെന്നായിരുന്നു പ്രതിഷേധക്കാരുടെ വാദം.
കുട്ടികൾക്കൊപ്പം മാതാപിതാക്കൾ ഉൾപ്പെടെ മുതിർന്നവരും പങ്കുചേർന്ന് അഞ്ചു കിലോമീറ്ററ്റര് താണ്ടിയാണ് സമരക്കാർ കളക്്ടറേറ്റില് എത്തിയത്.
സ്വാതന്ത്ര്യലബ്ധിക്കുശേഷം തങ്ങളുടെ ഗ്രാമത്തിലേക്ക് റോഡ് നിർമിച്ചിട്ടേയില്ലെന്നു സമരക്കാർ പറഞ്ഞു. മുദ്രാവാക്യം വിളിച്ച് കളക്്ടറേ റ്റിനു മുന്നിൽ കുത്തിയിരുന്നതോടെ അധികൃതർ ഉണർന്നു.
സബ് ഡിവിഷണല് മജിസ്ട്രേറ്റ് അഭിഷേക് കുമാര് പ്രതിഷേധക്കാരുമായി സംസാരിച്ചു. റോഡ് നിര്മാണം തുടങ്ങുംവരെ സമരമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും അധികൃതരുടെ ആവർത്തിച്ചുള്ള ഉറപ്പിനെത്തുടർന്ന് സമരം താത്കാലികമായി അവസാനിപ്പിച്ചു .
Kerala
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ എയ്ഡഡ് എൻജിനിയറിംഗ് കോളജുകളിലെ ഒഴിവുള്ള ബിടെക് സീറ്റുകളിലേക്ക് കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ ഒഴിവാക്കിയ വിഷയത്തിൽ ഇടപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോണ്.
കഴിഞ്ഞ വർഷം വരെ തൃശൂർ സർക്കാർ എൻജിനിയറിംഗ് കോളജിലാണ് കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ നടത്തിയിരുന്നത്. ഇതു വഴി ഒൻപത് സർക്കാർ എൻജിനിയറിംഗ് കോളജിലും മൂന്ന് എയ്ഡഡ് കോളജിലും ഒഴിവുണ്ടായാൽ വിദ്യാർഥികൾക്ക് ഒറ്റ കേന്ദ്രത്തിൽതന്നെ പ്രവേശനം നേടാമായിരുന്നു.എന്നാൽ ഇത്തവണ ഓരോ കോളജിലും പ്രത്യേകം സ്പോട്ട് അഡ്മിഷൻ നടത്താനുള്ള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം വിദ്യാർഥികൾക്ക് തിരിച്ചടിയായി. ഇതോടെയാണ് ഇവർ മന്ത്രിയെ സമീപിച്ചത്.
13 ന് നടക്കുന്ന കേന്ദ്രീകൃത സ്പോട്ട് അഡ്മിഷനിൽ തൃശൂർ സർക്കാർ എൻജിനിയറിംഗ് കോളജിൽ പോകാതെ തന്നെ ഒൻപത് ഗവണ്മെന്റ് എൻജിനിയറിംഗ് കോളജിലും മൂന്ന് എയ്ഡഡ് കോളജിലും പ്രവേശനം നേടാൻ കഴിയുമെന്ന് മന്ത്രി റോജി.എം.ജോണ് അറിയിച്ചു.
Kerala
ആലപ്പുഴ: ഈമാസം 13ന് ഓണപ്പരീക്ഷ ആരംഭിക്കുന്പോൾ അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും ഒരുപോലെ ആശങ്കയിലാണ്. കനത്ത മഴയും അധ്യാപകരുടെ സെൻസസ് ഡ്യൂട്ടിയും മൂലം സ്കൂളുകളിൽ പഠനദിനങ്ങൾ നഷ്ടപ്പെടുകയും സിലബസ് പൂർത്തിയാക്കാൻ കഴിയാതെ വരികയും ചെയ്തതോടെ സംസ്ഥാനത്തെ ഓണപ്പരിക്ഷ കടുത്ത പ്രതിസന്ധിയിൽ.
ഭൂരിഭാഗം സ്കൂളുകളിലും നാമമാത്രമായ പാഠഭാഗങ്ങൾ മാത്രമാണ് ഇതുവരെ പഠിപ്പിച്ചുതീർത്തത്. സിലബസ് തീരാത്ത സാഹചര്യത്തിൽ പരീക്ഷ ഓണം കഴിഞ്ഞ് നടത്തിയാൽ മതിയെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും അക്കാഡമിക് കലണ്ടർ ചൂണ്ടിക്കാട്ടി പരീക്ഷാ തീയതികളിൽ മാറ്റം വരുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തയാറായില്ല.
ജൂൺ, ജൂലൈ മാസങ്ങളിലെ കനത്ത മഴയും തുടർന്നുണ്ടായ വെള്ളപ്പൊക്കവും പ്രാദേശിക അവധിയും അധ്യയന ദിവസങ്ങളെ ബാധിച്ചു. വെള്ളപ്പൊക്കം മൂലം പുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെട്ട വിദ്യാർഥികളുമുണ്ട്.
ഈ മാസം ആദ്യവാരം തന്നെ കനത്തമഴയെ തുടർന്ന് ഭൂരിഭാഗം ജില്ലയിലും വിദ്യാഭ്യാസ്ഥാപനങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ അവധി കൊടുക്കേണ്ടി വന്നു. ഇതിന് പുറമെ ജൂലൈയിൽ നടന്ന സെൻസസ് ഡ്യൂട്ടിക്കായി പകുതിയോളം അധ്യാപകരേ നിയോഗിച്ചതും പരിശീലനങ്ങളും സ്കൂളുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു.
അധ്യാപകർക്ക് പകരം സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം സർക്കാർ തള്ളിയതോടെ അധ്യയനം പൂർണമായി തടസപ്പെടുകയായിരുന്നു. ടൈം ടേബിൾ പ്രകാരം 13ന് ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളിൽ ഓണപ്പരീക്ഷ ആരംഭിക്കും. ഹയർസെക്കൻഡറി വിഭാഗത്തിൽ 14നും പരീക്ഷകൾ തുടങ്ങും. സ്കൂളുകൾ ഓണാവധിക്കായി അടയ്ക്കുന്ന ഈ മാസം 21നാണ് പരീക്ഷകൾ അവസാനിക്കുന്നത്.
നഷ്ടപ്പെട്ട ദിവസങ്ങൾക്ക് പകരമായി സ്പെഷൽ ക്ലാസുകളും ഓൺലൈൻ ക്ലാസുകളും സംഘടിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അടിസ്ഥാനസൗകര്യങ്ങളുടെ കുറവുമൂലം പല വിദ്യാർഥികളിലേക്കും ഇത് എത്തിക്കാൻ സാധിക്കുന്നില്ലെന്ന് അധ്യാപകർ പറയുന്നു.
ഹൈസ്കൂൾ വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമായ പ്രധാന വിഷയങ്ങൾ ഒരേ ദിവസം പരീക്ഷയായി വരുന്നത് വിദ്യാർഥികൾക്ക് കടുത്ത മാനസിക സമ്മർദവും ഉണ്ടാക്കുന്നുണ്ട്. പാഠഭാഗങ്ങൾ പൂർണമായി പഠിപ്പിച്ചു തീർക്കാതെ പരീക്ഷ നടത്തുന്നത് കുട്ടികളുടെ രണ്ടാം ടേം പരീക്ഷകളെയും സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് അധ്യാപകരും രക്ഷിതാക്കളും.
Kerala
കൊച്ചി: സംസ്ഥാനത്തെ സ്കൂളുകളില് രൂപീകരിച്ച കതിര് ക്ലബ്ബുകളോടനുബന്ധിച്ച് കര്ഷകരായ വിദ്യാര്ഥികള്ക്കു ഗ്രേസ് മാര്ക്ക് ഏര്പ്പെടുത്താന് സംസ്ഥാനം.
ഇതിനുള്ള പ്രാരംഭനടപടികള് പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്ന്ന് കൃഷി വകുപ്പ് ആരംഭിച്ചു. ഇതു പ്രാവര്ത്തികമാകുന്നതോടെ രാജ്യത്തു കൃഷിക്ക് ഗ്രേസ് മാര്ക്ക് നല്കുന്ന ആദ്യസംസ്ഥാനമായി കേരളം മാറുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു.
സംസ്ഥാന കൃഷി വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്ന്ന് കഴിഞ്ഞ പരിസ്ഥിതി ദിനത്തിലാണ് കതിര് ക്ലബ്ബുകള്ക്ക് തുടക്കം കുറിച്ചത്. പുതുതലമുറയില് കൃഷിയോടും പ്രകൃതിയോടും മണ്ണിനോടുമുള്ള ആത്മബന്ധം വളര്ത്തിയെടുക്കുകയാണ് ലക്ഷ്യം.
ഇതിന്റെ തുടര്ച്ചയായി കനിപ്പന്തല് ഇനി വിദ്യാലയങ്ങളിലും പദ്ധതിയിലൂടെ 2,921 വിദ്യാലയങ്ങളില് പഴവര്ഗ പോഷക തോട്ടങ്ങള് സ്ഥാപിക്കുന്നതിനും തുടക്കംകുറിച്ചിട്ടുണ്ട്.
Kerala
കോട്ടയം: രാജ്യത്തെ ഏറ്റവും വലിയ കളറിംഗ് മത്സരങ്ങളിലൊന്നായ ‘ദീപിക - ഡിസിഎൽ കളർ ഇന്ത്യ സീസൺ 5’ മത്സരത്തിന് തുടക്കമായി. അതേസമയം, ഇന്ന് അവധിയുള്ള സ്കൂളുകളിൽ അടുത്തുവരുന്ന പ്രവൃത്തിദിനത്തിലായിരിക്കും മത്സരം.
രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷവും ദീപികയുടെ 140-ാം വാർഷികവും ദീപിക ബാലസഖ്യത്തിന്റെ 75-ാം വാർഷികവും പ്രമാണിച്ച് ‘ഒരേയൊരു ഇന്ത്യ, ഒരൊറ്റ ജനത’ എന്ന സന്ദേശമുയർത്തിയും ലഹരിക്കെതിരേയുള്ള ബോധവത്കരണം ലക്ഷ്യമിട്ടുമാണ് മത്സരം നടക്കുന്നത്.
പ്രശസ്ത സിനിമാതാരം മമിത ബൈജുവിന്റെ കൈയൊപ്പോടുകൂടിയ സർട്ടിഫിക്കറ്റുകളാണ് ഇത്തവണ കളർ ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ലഭിക്കുക.
Kerala
കോട്ടയം: മഴയുടെ പശ്ചാത്തലത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് ക്ലാസുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല.
Kerala
പത്തനംതിട്ട: മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി. ജില്ലയിൽ ഇന്ന് റെഡ് അലർട്ടും വെള്ളിയാഴ്ച ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.
അങ്കണവാടി മുതൽ പ്രഫഷണൽ കോളജുകൾക്കു വരെ അവധി ബാധകമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അതേസമയം ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാ ജില്ലകളിലും യെലോ അലർട്ട് ആണ്.
District News
കാളികാവ്: ചോക്കാട് പഞ്ചായത്തിലെ വിദ്യാലയ പരിസരങ്ങൾ പുകയിലവിരുദ്ധ കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു. കല്ലാമൂല ജിഎൽപി സ്കൂളിൽ നടന്ന പ്രഖ്യാപന യോഗം ചോക്കാട് പഞ്ചായത്ത് പ്രസിഡന്റ് ശാന്ത ഗോപാലൻ ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.
ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളും പരിസരങ്ങളും പുകയില വിമുക്ത മേഖലകളായി പ്രഖ്യാപനം നടത്തി. വിദ്യാലയങ്ങളുടെ നൂറുവാര അകലത്തിൽ കടകളിൽ നോ സ്മോക്കിംഗ് ബോർഡുകൾ സ്ഥാപിച്ചു. സ്കൂളുകളിലേക്ക് പ്രഖ്യാപന സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സബിത സമീർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ജുമൈല, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആനിക്കോട്ടിൽ ഉണ്ണികൃഷ്ണൻ, മെംബർമാരായ വി.പി. ഹസ്കർ, ജോയ്സി കുര്യാക്കോസ്, ബുഷ്റ ഫളിൽ, കെ. സീനത്ത്, ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്തിലെ സ്കൂളുകളിലെ പ്രധാനാധ്യാപകർ, ആരോഗ്യ പ്രവർത്തകർ, പഞ്ചായത്ത് അംഗങ്ങൾ, ചോക്കാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൾ അസീസ്, ഹെൽത്ത് ഇൻസ്പെക്ടർ കെ. മൻസൂർ റഹിമാൻ എന്നിവർ സംബന്ധിച്ചു.
District News
പാലക്കാട:് ജില്ലയിലെ നടുപ്പതി ആദിവാസി മേഖലയിലെ ജിടിഡബ്ല്യു എൽപി സ്കൂളിലെ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്നതിനായി ഒലീവിയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു. പ്രദേശത്തെ കുടിവെള്ളത്തിൽ അണുക്കളും ഉപ്പുരസവും കൂടുതലുള്ളതിനാൽ വിദ്യാർഥികൾക്ക് സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. തൃശൂർ ശ്രീകേരളവർമ കോളജ് ബികോം ഓൾഡ് ബാച്ച് 1973-76 ആണ് വാട്ടർ പ്യൂരിഫയർ സ്പോണ്സർ ചെയ്തത്.
ഒലീവിയ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് എൻ. ജഗദീശ്വരൻ വാട്ടർ പ്യൂരിഫയർ സ്കൂൾ അധികൃതർക്ക് കൈമാറി. കാരംസ് ബോർഡ്, ചെസ് ബോർഡ്, ഫുട്ബോൾ എന്നിവയും ചടങ്ങിൽ വിതരണം ചെയ്തു. ചടങ്ങിൽ സിഎംഡി കെ.ടി. കൃഷ്ണകുമാർ, മഹാലക്ഷ്മി ജഗദീശ്വരൻ, ഒലീവിയ ഫൗണ്ടേഷൻ ചീഫ് പ്രോജക്ട് മാനേജർ ഗൗതം രാമകൃഷ്ണൻ, പ്രോജക്ട് അസിസ്റ്റന്റ് രാജാത്തി, ഫൈസൽ, ഹെലൻ (പ്രിൻസിപ്പൽ), അധ്യാപികമാരായ പി.എസ്. ദീപ, എസ്. രാജി പങ്കെടുത്തു.
National
മുംബൈ: കൂടുതൽ കൊഴുപ്പും പഞ്ചസാരയുടെ സാന്നിധ്യവുമുള്ള സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾക്കു മഹാരാഷ്ട്രയിലെ സ്കൂൾ പരിസരത്ത് നിരോധനം. സ്കൂളുകളുടെ 50 മീറ്റർ ചുറ്റളവിലാണ് സംസ്കരിച്ചു പാക്കറ്റിലാക്കിയ ഭക്ഷ്യവസ്തുക്കൾക്കും ശീതളപാനിയൾക്കും നിരോധനം.
ഉയർന്ന അളവിൽ പഞ്ചസാരയും കൊഴുപ്പും ചേർത്ത പാനീയങ്ങളുടെയും വിൽപനയാണു വിലക്കിയതെന്ന് ഭക്ഷ്യ കമ്മിഷണർ തുക്കാറാം മുണ്ടെ അറിയിച്ചു. സ്കൂളുകളിൽ ഭക്ഷണം പാകം ചെയ്യുന്നവർക്കും ഭക്ഷ്യവസ്തുക്കൾ എത്തിച്ചുനൽകുന്നവർക്കും ലൈസൻസ് നിർബന്ധമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് ഓണാവധി ഓഗസ്റ്റ് 22 മുതൽ 30 വരെ. ഓണാവധിക്കുശേഷം 31 ന് സ്കൂളുകൾ തുറക്കും.
ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13 മുതൽ 20 വരെ നടക്കും. സ്കൂളുകളിലെ ഓണാഘോഷം 21 ന് നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്.
Education
തിരുവനന്തപുരം: 2026-27 അധ്യയനവർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി കോഴ്സിനുള്ള പ്രൊവിഷണൽ പ്രവേശന പരീക്ഷാഫലം www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഓഗസ്റ്റ് രണ്ടുവരെ ഓപ്ഷനുകൾ ഓൺലൈനായി നൽകണം.
കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in 04712324396, 2560327.
Education
തിരുവനന്തപുരം: 2026 ജൂൺ- ജൂലൈ മാസം നടന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി സേ പരീക്ഷകളുടെ ഫലം https://results.hse. kerala.gov.in/ ൽ പ്രസിദ്ധീകരിച്ചു.
Business
കാഞ്ഞിരപ്പള്ളി: വ്യവസായവും വിദ്യാഭ്യാസവും ഏകോപിപ്പിച്ച് പോയെങ്കില് മാത്രമേ തൊഴിലില്ലായ്മക്കു പരിഹാരം കാണാന് സാധിക്കുകയുള്ളുവെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്.
കാഞ്ഞിരപ്പള്ളി അമല്ജ്യോതി കോളജ് ഓഫ് എന്ജിനിയറിംഗ് സില്വര് ജൂബിലി വര്ഷത്തില് ആരംഭിച്ച അമല് ജ്യോതി ബിസിനസ് സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കേരളത്തില് ഏറ്റവും പൊട്ടന്ഷ്യല് ഉള്ള മേഖല വിദ്യാഭ്യാസ മേഖലയാണ്.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് പരമാവധി അക്കാഡമിക് ഓട്ടോണമി ലഭ്യമാക്കി പ്രവര്ത്തിക്കാന് അവസരമൊരുക്കാന് സര്ക്കാര് പ്രതിജ്ഞാബദ്ധമാണ്. കേരളത്തെ ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയെന്നതാണ് സര്ക്കാരിന്റെ ലക്ഷ്യം. ഇതിനായി എയ്ഡഡ്, സ്വാശ്രയ മാനേജ്മെന്റുകള് സര്ക്കാരുമായി ഒരുമിച്ച് പ്രവര്ത്തിക്കണം.
വിദ്യാര്ഥികള് ആഗ്രഹിക്കുന്ന തൊഴിലവസരങ്ങള് ഇവിടെ ലഭിക്കുന്നില്ല. മാറുന്ന തൊഴില് സാഹചര്യങ്ങള് മുന്കൂട്ടി കണ്ട് പുതിയ കോഴ്സുകള് ഒരുക്കി വിദ്യാര്ഥികളെ സജ്ജരാക്കണമെന്നും മന്ത്രി പറഞ്ഞു. കാഞ്ഞിരപ്പള്ളി ബിഷപ് മാര് ജോസ് പുളിക്കല് അധ്യക്ഷത വഹിച്ചു.
റോണി കെ. ബേബി എംഎല്എ, പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, കോളജ് ഗവേണിംഗ് ബോഡി ചെയര്മാന് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്, ഡയറക് ടര് ഫാ.ഡോ. റോയി പഴയപറമ്പില്, അമല് ജ്യോതി ബിസിനസ് സ്കൂള് ഡയറക്ടര് ഡോ. തോമസ് ജോസഫ് എന്നിവര് പ്രസംഗിച്ചു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള മാനേജ്മെന്റ് വിദ്യാഭ്യാസം ലക്ഷ്യമിട്ട് ആരംഭിച്ചിരിക്കുന്ന അമൽ ജ്യോതി ബിസിനസ് സ്കൂളിൽ ഐഐഎം, ഐഐടി ഉൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപന-ഗവേഷണ രംഗത്ത് ദീർഘകാല പ്രവർത്തനപരിചയമുള്ള അധ്യാപകരുടെ നേതൃത്വത്തിലാണ് പഠന പരിശീലന പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
Business
കൊച്ചി: പ്ലസ് ടു/ഡിഗ്രി/ മാസ്റ്റേഴ്സ് കഴിഞ്ഞവർക്ക് ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലെ മുൻനിര സർവകലാശാലകൾ, ഇൻസ്റ്റിറ്റ്യൂഷനുകൾ എന്നിവയിലെ പ്രതിനിധികളെ നേരിൽക്കണ്ട് ഡിപ്ലോമ, ഡിഗ്രി, ഡിഗ്രി ഡിപ്ലോമ, പിജി ഡിപ്ലോമ മാസ്റ്റേഴ്സ്, മാസ്റ്റേഴ്സ് ബൈ റിസർച്ച് തലത്തിലുള്ളതും ഈ രാജ്യങ്ങളിൽ ഉയർന്ന കരിയർ സാധ്യതയും/ ലോംഗ് ടേം സ്കിൽ ഷോട്ടേജ് ലിസ്റ്റിൽ പെടുന്നതുമായ കോഴ്സുകൾ പരിചയപ്പെടാം.
കൊച്ചി രവിപുരത്തുള്ള സാന്റമോണിക്ക ഓഫീസിൽ 29ന് രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെയാണ് കോഴ്സുകൾ പരിചയപ്പെടാനുള്ള അവസരം. പ്രവേശനം സൗജന്യമാണ്. സ്റ്റുഡന്റ് വീസ നിയമത്തിൽ വന്നിട്ടുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകളും അറിയാം. സൗജന്യ കൗൺസലിംഗ്, പ്രൊഫൈൽ അസെസ്മെന്റ്/ സ്പോട്ട് അഡ്മിഷൻ അവസരവും യോഗ്യത അടിസ്ഥാനത്തിലുള്ള 20 ശതമാനം മുതൽ 100 ശതമാനം വരെ സ്കോളർഷിപ്പുകളും നേടാനാകും.
ഇവന്റ് ദിനത്തിൽ ചേർന്നു പഠിക്കുന്ന വിദ്യാർഥികൾക്ക് ഐഇഎൽടിഎസ്/പിടിഇ കോഴ്സ് ഫീസിൽ 40 ശതമാനം കിഴിവ് ലഭിക്കും. സ്പോട്ട് അസെസ്മെന്റ്/ പ്രോസസിംഗ് ആഗ്രഹിക്കുന്നവർ പത്ത് മുതലുള്ള യോഗ്യത സർട്ടിഫിക്കറ്റുകളുടെ കോപ്പി/പാസ്പോർട്ട് കോപ്പി, രണ്ട് പാസ് പോർട്ട് സൈസ് ഫോട്ടോഗ്രാഫ് ഐഇഎൽടിഎസ്/പിടിഇ സ്കോർ ഉണ്ടെങ്കിൽ അതും കരുതണം.
ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നവർക്ക് ഈ മെയിലിൽ ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ചു എക്സ്പോയിൽ പ്രവേശിക്കാം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കും. വിവരങ്ങൾക്കും രജിസ്ട്രേഷനും www. santamonicaedu.in 0484 4150999, 9645222999.
Education
തിരുവനന്തപുരം: ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷമുള്ള മെറിറ്റ് വേക്കൻസിയൊടൊപ്പം പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ അധികമായി അനുവദിച്ച 120 താത്കാലിക ബാച്ചുകളിലെ സീറ്റുകളും ചേർത്തുള്ള വേക്കൻസി സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ഏകജാലക സംവിധാനത്തിൽ മെറിറ്റ് ക്വാട്ടയിലും സ്പോർട്സ് ക്വാട്ടയിലും പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ട്രാൻസ്ഫറിന് അപേക്ഷിക്കാം.
പ്രവേശനം നേടിയ ജില്ലയ്ക്കകത്ത് സ്കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ കാൻഡിഡേറ്റ് ലോഗിനിലെ Apply for School/ Combination Transfer ലിങ്കിലൂടെ 27നു ഉച്ചയ്ക്ക് ഒന്നുവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷമുള്ള വേക്കൻസിയും മറ്റ് വിശദാംശങ്ങളും രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ഓഗസ്റ്റ് ഒന്നിനു പ്രസിദ്ധീകരിക്കും. വിശദാംശങ്ങൾക്ക്: hscap.kerala.gov.in
Education
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഫഷണൽ ഡിഗ്രി കോഴ്സുകളിലേക്ക് 2026-27 അധ്യയന വർഷത്തെ പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്ക് (എംബിബിഎസ്, ബിഡിഎസ് ഉൾപ്പെടെ) പ്രവേശനത്തിനായി പുതുതായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം.
കീം 2026 മുഖേന എൻജിനിയറിംഗ്/ആർക്കിടെക്ചർ/ഫാർമസി കോഴ്സുകൾ എന്നിവയിലേതെങ്കിലും കോഴ്സുകൾക്ക് ഇതിനോടകം ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ചിട്ടുള്ള അപേക്ഷകർക്ക് ആവശ്യമുള്ള പക്ഷം മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകൾ പ്രസ്തുത അപേക്ഷയിൽ കൂട്ടിച്ചേർക്കുന്നതിനും അവസരം ലഭ്യമാണ്.
പുതുതായി അപേക്ഷകൾ സമർപ്പിക്കുന്നതിനും, കീം 2026 ൽ ഇതിനോടകം അപേക്ഷിച്ചവർക്ക് കോഴ്സുകൾ / കാറ്റഗറി ക്ലെയിമുകൾ കൂട്ടിച്ചേർക്കുന്നതിനും 27നു രാവിലെ 11 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ സൗകര്യം ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്ക് www. cee.kerala.gov.in
Education
തിരുവനന്തപുരം: സ്കോൾകേരള മുഖേനയുള്ള ഹയർസെക്കൻഡറി കോഴ്സുകളിൽ 2026-28 ബാച്ചിലേക്ക് ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്ട്രേഷൻ, സ്പെഷൽ കാറ്റഗറി എന്നീ വിഭാഗങ്ങളിലേക്കുള്ള ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
എസ്എസ്എൽസിയിൽ ഉപരിപഠനയോഗ്യതയോ അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ കോഴ്സിൽ ഉപരിപഠന യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല.
ഇന്നുമുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. പിഴ കൂടാതെ ഓഗസ്റ്റ് 14 വരെയും, 60 രൂപ പിഴയോടെ ഓഗസ്റ്റ് 31 വരെയും ഫീസടച്ച്, www.scolekerala.org ലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കി രണ്ട് ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ അതത് ജില്ലാ കേന്ദ്രങ്ങളിൽ നേരിട്ടോ, സ്പീഡ്/രജിസ്റ്റേർഡ് തപാൽ മാർഗമോ അയച്ചുകൊടുക്കണം. ജില്ലാ കേന്ദ്രങ്ങളുടെ മേൽവിലാസം സ്കോൾകേരള വെബ്സൈറ്റിൽ ലഭ്യമാണ്. സംസ്ഥാന ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
വിവരങ്ങൾക്ക്: 04712342950, 2342271, 2342369.
Education
തിരുവനന്തപുരം: 2026-27 അധ്യയനവർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/ എയ്ഡഡ്/ Govt Cost sharing (IHRD/CAPE)/ സ്വാശ്രയ പോളിടെക്നിക് കോളജുകളിലെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ സ്ഥാപനാടിസ്ഥാനത്തിലുള്ള സ്പോട്ട് അഡ്മിഷൻ 28 മുതൽ ഓഗസ്റ്റ് ഒന്നുവരെ അതതു സ്ഥാപനങ്ങളിൽ നടത്തും.
അപേക്ഷകർ www.polyadmission.orgയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. സ്പോട്ട് അഡ്മിഷനിൽ അപേക്ഷകന് ഏത് സ്ഥാപനത്തിലെയും ഏത് ബ്രാഞ്ചുകളിലേക്കും പുതിയ ഓപ്ഷനുകൾ നൽകാം.
നിലവിൽ ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും ഇന്നു മുതൽ 28 വരെ ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കാം. നിലവിൽ ലഭ്യമായ ഒഴിവുകൾ പോളിടെക്നിക് കോളജ് അടിസ്ഥാനത്തിൽ www.polyadmission.org യിലെ Vacancy Position എന്ന ലിങ്ക് വഴി മനസിലാക്കാം.
നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും പുതുതായി അപേക്ഷ സമർപ്പിച്ചവരും ഒഴിവുകൾ ലഭ്യമായ പോളിടെക്നിക് കോളജിൽ ഹാജരാകാൻ ശ്രദ്ധിക്കണം.
Education
തിരുവനന്തപുരം: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളജ്/ സർവകലാശാലാ വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2026-27 അധ്യയനവർഷത്തിലെ സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് റിന്യുവൽ അപേക്ഷകൾ www.scholarships.gov.in വഴി ഓൺലൈനായി സമർപ്പിക്കാം.
റിന്യൂവൽ ചെയ്യുന്നതിനായി വാർഷിക പരീക്ഷയിൽ 50 ശതമാനം മാർക്കും 75 ശതമാനം ഹാജരും ഉണ്ടായിരിക്കണം. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 31.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ :9447096580.
National
ഇംഫാൽ: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരവുമായി ബന്ധപ്പെട്ട് മണിപ്പൂരിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കേരളത്തിനു പിന്നാലെയാണ് മണിപ്പൂരിലും അവധി പ്രഖ്യാപിച്ചത്.
മേഘാലയയിലും സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദീൻ പറഞ്ഞു.
National
ലക്നോ: ഉത്തർപ്രദേശിലെ സ്കൂളിൽ പ്രധാനാധ്യാപകൻ കത്തിയുമായി എത്തി. സംഭവത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.
തെരുവുനായ്ക്കളിൽ നിന്ന് വിദ്യാർഥികളെ സംരക്ഷിക്കാനാണ് ആയുധങ്ങൾ കരുതിയതെന്നാണ് അധ്യാപികയുടെ വിശദീകരണം. പ്രദേശത്തെ തെരുവുനായ ശല്യത്തെക്കുറിച്ച് നിരവധി തവണ പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലെന്ന് അധ്യാപിക ആരോപിക്കുന്നു. ആക്രമിക്കാൻ വരുന്ന നായ്ക്കളെ തുരത്താൻ മാത്രമാണ് കത്തി കൊണ്ടുവന്നതെന്നും, ആരെയും ഉപദ്രവിക്കാനല്ല ഇതെന്നും അവർ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാനദണ്ഡങ്ങൾ ലംഘിച്ചോ എന്ന് പരിശോധിക്കുന്നതിനൊപ്പം, സ്കൂളുകളിലെ തെരുവുനായ ശല്യം പരിഹരിക്കാൻ മറ്റ് മാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
District News
അമ്പലപ്പുഴ: കാക്കാഴം എസ്എൻവി ടിടിഐ സ്കൂളിൽ മോഷണം. സ്കൂൾ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിയുടെ ഭാഗമായി 10 സീലിംഗ് ഫാനുകളും സീലിംഗിനായി ഉപയോഗിച്ചിരുന്ന ഇരുമ്പ് പൈപ്പിന്റെ ബാക്കിയും ആണ് മോഷണം പോയത്. സ്കൂളിലെ ജീവനക്കാരൻ ഇതിലേ കടന്നു പോയപ്പോൾ കെട്ടിടത്തിന്റെ വാതിൽ തുറന്നുകിടക്കുന്നതു കണ്ടു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിയിൽ സൂക്ഷിച്ചിരുന്നവ നഷ്ടപ്പെട്ടത് അറിഞ്ഞത്. കെട്ടിടത്തിന്റെയും മുറിയുടെയും വാതിലുകൾ തകർത്താണ് മോഷണം നടത്തിയത്. അമ്പലപ്പുഴ പോലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ഏകദേശം അമ്പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി സ്കൂൾ മാനേജർ അറിയിച്ചു.
Kerala
കോട്ടയം: ഫിഫ ലോകകപ്പ് ഫൈനൽ മത്സരമുള്ളതിനാൽ തിങ്കളാഴ്ച സംസ്ഥാനത്തെ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം. വിദ്യാർഥികളിൽ കായികവിനോദങ്ങളോടുള്ള താത്പര്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അവധി നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് ദിയ നിവേദനം നൽകി.
സ്കൂൾ മാനേജ്മെന്റുകളും ഇതേ മാതൃകയിൽ വിദ്യാർഥികൾക്ക് അവധി അനുവദിക്കണമെന്ന് അവർ അഭ്യർഥിച്ചു. ഞായറാഴ്ച അർധരാത്രിയിൽ നടക്കുന്ന ലോകകപ്പ് ഫൈനൽ കാണുന്ന വിദ്യാർഥികൾ പിറ്റേദിവസം ഉറക്കക്കുറവും ക്ഷീണവും അനുഭവിക്കേണ്ട സാഹചര്യം ഒഴിവാക്കാൻ അവധി സഹായിക്കുമെന്നാണ് ചെയർപേഴ്സൺ പറയുന്നത്.
ലഹരി, മയക്കുമരുന്ന്, സോഷ്യൽ മീഡിയ എന്നിവയുടെ അമിതോപയോഗത്തിൽ നിന്ന് വിദ്യാർഥികളെ സംരക്ഷിക്കുന്നതിന് കായികപ്രവർത്തനങ്ങൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ദിയചൂണ്ടിക്കാട്ടി. ശാരീരികക്ഷമത വർധിപ്പിക്കുന്നതിനൊപ്പം കുട്ടികളിൽ അച്ചടക്കം, മാനസികാരോഗ്യം, കൂട്ടായ്മ, നേതൃത്വഗുണം, പ്രതിസന്ധികളെ നേരിടാനുള്ള കഴിവ് എന്നിവ വളർത്തിയെടുക്കാൻ കായികരംഗം സഹായിക്കുമെന്നും ദിയ വ്യക്തമാക്കി.
District News
പാലക്കാട്: ജിഎംഎംജിഎച്ച്എസ്എസിൽ ജൂണ് മാസത്തെ സ്കൂൾ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വിദ്യാർഥികൾ തയാറാക്കിയ ‘സഹയാത്രിക’ സ്കൂൾ ന്യൂസ് ലെറ്റർ പ്രകാശനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് പി.പി. പ്രീജ പ്രകാശനകർമം നിർവഹിച്ചു.
ഒന്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മിഷ, അലിയ, സനുഷ എന്നിവരുൾപ്പെടുന്ന 11 അംഗ വിദ്യാർഥിസംഘമാണ് ന്യൂസ് ലെറ്റർ തയാറാക്കിയത്.
National
ബംഗളൂരു: ബംഗളൂരുവിലെ സ്വകാര്യ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു. സ്കൂൾ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയും സമയത്തിന് വൈദ്യസഹായം നൽകാത്തതുമാണ് കുട്ടിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു. 12 വയസുകാരനായ വിദ്യാർഥിയാണ് മരിച്ചത്.
കുട്ടിയുടെ അമ്മ നൽകിയ പരാതി അനുസരിച്ച്, സംഭവം നടക്കുന്നതിന് തൊട്ടുമുമ്പ് തനിക്ക് സുഖമില്ലെന്ന് കുട്ടി ക്ലാസ് ടീച്ചറെ അറിയിച്ചിരുന്നു. എന്നാൽ കുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് അധ്യാപകർ ഉടനടി ശ്രദ്ധ നൽകിയില്ലെന്ന് പരാതിയിൽ പറയുന്നു.
ക്ലാസ്മുറിയിലേക്ക് മടങ്ങുനതിനിടെയാണ് കുട്ടി കുഴഞ്ഞുവീണത്. തുടർന്ന് മറ്റ് വിദ്യാർഥികളും ജീവനക്കാരും ചേർന്ന് കുട്ടിയെ വീണ്ടും ക്ലാസ് മുറിയിലേക്ക് കൊണ്ടുപോയി. എന്നാൽ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ സ്കൂൾ അധികൃതർ തയാറായില്ലെന്നും കുഴഞ്ഞുവീണ് 45 മിനിറ്റുകൾക്ക് ശേഷമാണ് മാതാപിതാക്കളെ വിവരം അറിയിച്ചതെന്നും കുടുംബം ആരോപിക്കുന്നു.
വിവരം അറിഞ്ഞെത്തിയ മാതാപിതാക്കൾ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അസ്വാഭാവിക മരണത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: റാഗിംഗിന്റെ പേരിൽ പ്ലസ് ടു വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർഥിയെ മർദിച്ചതായി പരാതി. നഗരൂർ കൊടുവഴന്നൂർ സർക്കാർ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെയാണ് സീനിയർ വിദ്യാർഥികൾ ക്രൂരമായി തല്ലിച്ചതച്ചത്. മർദ്ദനത്തിനിടെ കാലുകൊണ്ട് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ വിദ്യാർഥികൾ സ്വന്തമായി വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതാണ് സീനിയർ വിദ്യാർഥികളെ പ്രകോപിപ്പിച്ചത്. ഇതിനെച്ചൊല്ലി തർക്കങ്ങൾ നിലനിന്നിരുന്നു. തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം പ്ലസ് വൺ വിദ്യാർഥിയെ സ്കൂളിന് പുറത്തേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ പ്ലസ് ടു വിദ്യാർഥികൾ തന്നെ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ പരിക്കേറ്റ കുട്ടിയുടെ രക്ഷിതാക്കളുടെ പക്കൽ എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ നഗരൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
District News
പാറശാല: പാറശാല പഞ്ചായത്തിന്റെ ആഭിമുഖ്യത്തില് സ്കൂള് വിദ്യാര്ഥികള്ക്ക് സൗജന്യ പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിക്ക് കൊടവിളാകം ഗവ.എല്പി സ്കൂളില് തുടക്കമായി. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പവതിയാന്വിള സുരേന്ദ്രന് നിര്വഹിച്ചു.
പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അധ്യക്ഷന് എം. സുനില് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. താര മുഖ്യ പ്രഭാഷണം നടത്തി. ആശംസകള് നേര്ന്നുകൊണ്ട് പഞ്ചായത്ത് വികസനകര്യ സ്ഥിരംസമിതി അധ്യക്ഷന് വി. എസ്. സുനില്കുമാര്, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ കെന്സിലാലി, പഞ്ചായത്ത് അംഗങ്ങളായ ഗോപകുമാര്, വിഷ്ണു, അമ്പിളി,സ്കൂള് പ്രധാന അധ്യാപിക ബി. ആര്.പ്രദീപകുമാരി, സീനിയര് അസിസ്റ്റന്റ് അനില്കുമാര്, സ്റ്റാഫ് സെക്രട്ടറി വിജയകുമാര് തുടങ്ങിയവര് സംസാരിച്ചു.
Kerala
തിരുവനന്തപുരം: മികവുറ്റ ഉന്നതവിദ്യാഭ്യാസം എല്ലാവർക്കും പ്രാപ്യമാക്കുന്ന സ്ഥാപനമാണ് ഇന്ദിരാ ഗാന്ധി നാഷണൽ ഓപൺ യൂണിവേഴ്സിറ്റി (ഇഗ്നൊ). നാക് എ++ അംഗീകാരമുള്ള രാജ്യത്തെ ഓപൺ സർവകലാശാലകളിലൊന്നാണിത്.
കല, ശാസ്ത്രം, മാനേജ്മെന്റ്, കംപ്യൂട്ടർ സയൻസ് തുടങ്ങി വിവിധ മേഖലകളിലായി മുന്നൂറിലധികം പ്രോഗ്രാമുകൾ ഇഗ്നൊ നൽകുന്നു. സർട്ടിഫിക്കറ്റ് കോഴ്സ് മുതൽ ഗവേഷണതല പഠനങ്ങൾവരെ വിദ്യാർഥികളുടെ ആവശ്യങ്ങൾക്കനുസരിച്ച് തെരഞ്ഞെടുക്കാം. വർഷത്തിൽ രണ്ടുതവണ അഡ്മിഷൻ ലഭ്യമാകുന്നതിനാൽ ജോലി ചെയ്യുന്നവർക്കും പ്രവാസികൾക്കും സ്വന്തം സമയക്രമത്തിൽ പഠിക്കാൻ കഴിയും.
യുജിസി മാർഗനിർദേശങ്ങൾ പ്രകാരം ഒരേസമയം ഒന്നിലധികം കോഴ്സുകൾ പഠിക്കാനും അവസരമുണ്ട്. തിരുവനന്തപുരം ഇഗ്നൊ റീജണൽ സെന്ററിന് കീഴിലുള്ള മാർ ഈവാനിയോസ് കോളജിലെ ഇഗ്നൊ സ്റ്റഡി സെന്ററാണ് അക്കാദമിക പിന്തുണയും സേവനങ്ങളും നൽകുന്ന പ്രധാന കേന്ദ്രം.
ജൂലൈ സെഷനിലേക്കുള്ള അഡ്മിഷൻ പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾക്ക് ഇഗ്നൊ വെബ്സൈറ്റ് സന്ദർശിക്കുകയോ സ്റ്റഡി സെന്ററുമായി ബന്ധപ്പെടുകയോ ചെയ്യാമെന്നും ഇഗ്നൊ സ്റ്റഡി സെന്റർ കോ-ഓർഡിനേറ്റർ ഡോ. സുജു സി. ജോസഫ് അറിയിച്ചു.